
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടി, ഇത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നേട്ടത്തെ അഭിനന്ദിച്ചത്.
"പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെ.എസ്.എഫ്.ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്," മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക തകർച്ചയും കൊവിഡ് മഹാമാരിയും കാരണം ലോകത്തെ പല ധനകാര്യ സ്ഥാപനങ്ങളും തകർന്നപ്പോൾ, കെ.എസ്.എഫ്.ഇ മികച്ച പ്രകടനം കാഴ്ചവെച്ചു. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളിൽ ഒന്നായി കെ.എസ്.എഫ്.ഇ നിലകൊള്ളുന്നു.
നവകേരളം സൃഷ്ടിക്കുന്നതിൽ ഈ സ്ഥാപനത്തിന് നിർണായക പങ്കുണ്ട്. പ്രവാസികൾക്ക് ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കിയത് ഒരു പ്രധാന ചുവടുവെപ്പായിരുന്നു. അതിന്റെ ഫലമായി 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കെ.എസ്.എഫ്.ഇ ചിട്ടിയിൽ അംഗങ്ങളായി. ഈ പണം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'കെ.എസ്.എഫ്.ഇ ഈ നാടിന്റെ ധൈര്യം' എന്ന പുതിയ മുദ്രാവാക്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ കെ.എസ്.എഫ്.ഇയെ "ഒരു ട്രില്യൺ ബിസിനസ് എന്ന മികച്ച നേട്ടത്തിലൂടെ മറ്റ് സംസ്ഥാനങ്ങൾ താല്പര്യപൂർവം വീക്ഷിക്കുന്ന പ്രസ്ഥാനം" എന്ന് വിശേഷിപ്പിച്ചു. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യം പ്രഖ്യാപിച്ച മന്ത്രി, ചിട്ടി ഫ്രട്ടേണിറ്റി ഫണ്ടിനെ റീബ്രാൻഡ് ചെയ്യുന്നതായും അറിയിച്ചു. ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ എന്നിവരും പങ്കെടുത്തു.











